The cooperation of all sections of people and media is requested

എല്ലാ വിഭാഗം ആളുകളുടെയും മാധ്യമങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു

ഇലന്തൂരില്‍ രണ്ട് നരബലി നടന്നു എന്നറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് നാം മുക്തരായിട്ടില്ല. പ്രാകൃതമായ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വീണ്ടും ചിലരെ എങ്കിലും കീഴ്‌പ്പെടുത്തി എന്നാണ് അത് നല്‍കുന്ന സൂചന. അതിനിടയില്‍ കൂടുതല്‍ ദുര്‍മന്ത്രവാദങ്ങളുടെ വാര്‍ത്തകള്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് കേള്‍ക്കുന്നുണ്ട് അതിനാല്‍ ഇതിനെതിരെ കൂടുതല്‍ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും പ്രതിരോധം ഉയരേണ്ടതുണ്ട്.
സാംസ്‌കാരിക പ്രവര്‍ത്തകരും സാംസ്‌കാരിക സ്ഥാപനങ്ങളും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ രംഗത്തു വരണം.

ആ ഉത്തരവാദിത്വം കേരളത്തിലെ സാംസ്‌കാരികപ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്ന പ്രചരണം എല്ലാവിഭാഗം ജനങ്ങളും , യുവജന സംഘടനകളും ഏറ്റെടുക്കണം. ജനങ്ങളില്‍ കൂടുതല്‍ ശാസ്ത്ര ബോധവും യുക്തിചിന്തയും വളര്‍ത്തിയെടുത്താല്‍ മാത്രമെ ഇതിനെ പ്രതിരോധിക്കാന്‍ ബാധിക്കുകയുള്ളൂ. ഇതിനെ തടയാന്‍ ആവശ്യമായ നിയമങ്ങള്‍ വേണമെന്ന കാര്യത്തില്‍ സംശയമില്ല, പക്ഷെ നിയമം കൊണ്ടുമാത്രം ഇതിനെ പ്രതിരോധിക്കാന്‍ ആവില്ല എന്നത് യാഥാര്‍ത്ഥ്യമാണ് അതുകൊണ്ടു തന്നെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും എല്ലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും ഒന്നിപ്പിച്ചുകൊണ്ട് സമൂഹത്തിലെ ഇത്തരം അധമസംസ്‌കാരത്തിനെതിരായ അവബോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയാണ് സന്നദ്ധ സംഘടനകളുടെയും യുവജന സംഘടനകളുടെയും ശക്തമായ ഇടപെടില്‍ ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ട്. യുവജന സംഘടനകള്‍ നിലപാട് വ്യക്തമാക്കി രംഗത്തു വന്നിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ച് ഇത്രത്തോളം മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍ക്കെതിരെ സാമൂഹിക പ്രതിരോധം ഉയര്‍ത്തും. ഇതുപോലുള്ള പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം സംസ്ഥാനത്തു സൃഷ്ടിക്കണം ഇതിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കും . ഇതിന് എല്ലാ വിഭാഗം ആളുകളുടെയും അതോടൊപ്പം മാധ്യമങ്ങളുടെയും സഹകരണവും പങ്കാളിത്തവും ഉണ്ടാവണം.

‘ സയന്‍സിലൂടെ സമൂഹം അന്ധവിശ്വങ്ങളില്‍ നിന്ന് മുക്തമാവണം എന്ന സന്ദേശം ഉയര്‍ത്തി സഹോദരന്‍ അയ്യപ്പന്‍ സയന്‍സ് ദശകം എന്ന കവിത രചിച്ചിട്ട് 105 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈ വരികളിലെ ജ്ഞാനം ഉള്‍ക്കൊള്ളാന്‍ നാം ഇനിയെങ്കിലും സമൂഹം തയാറെടുക്കണം.

സയന്‍സാല്‍ ദീപ്തമീലോകം
സയന്‍സാലഭിവൃദ്ധികള്‍
സയന്‍സന്യേ തമസ്സെല്ലാം
സയന്‍സിന്നു തൊഴുന്നു ഞാന്‍.

ഇങ്ങനെയാണ് കവിത അവസാനിക്കുന്നത് അതിന് മുന്‍പ് സയന്‍സിലൂടെ പ്രകൃതിയെയും മനുഷ്യനെയും സമൂഹത്തെയും കവി വിലയിരുത്തുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ സയന്‍സ് ദശകം വീണ്ടും ചര്‍ച്ചയാവേണ്ടതുണ്ട്. ശാസ്ത്രത്തിലൂന്നിയുള്ള പ്രതിരോധം സമൂഹത്തിലെ ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ ഉയരണം. ഇതിനായി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളുടെയും അധിപന്‍മാരെയും വിളിക്കുകയാണ് ഒന്നിച്ചൊരു കാംപയിന്‍ ചെയ്യാനാണ് തീരുമാനം. സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യനായകരും തങ്ങള്‍ക്ക് ലഭിക്കുന്ന വേദികള്‍ ഇത്തരത്തിലുള്ള അധമസംസ്‌കാരത്തിന് എതിരായ സന്ദേശം നല്‍കാനുള്ള ഇടങ്ങളാക്കണം. നമ്മുടെ നാട്ടില്‍ എല്ലാ കാലത്തും അധമസംസ്‌കാരത്തിനും അന്ധവിശ്വാസത്തിനും എതിരെ അടരാടിയിട്ടുള്ളത് കലയും സാഹിത്യവുമാണ്. കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം ഇത്തരത്തിലുള്ള പോരാട്ടമാണ്.

നവോത്ഥാന നായകര്‍ കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടി അതിനുശേഷം കലാസാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ രംഗത്തു വന്നു പിന്നെ വര്‍ഗ ശക്തികള്‍ ആ പോരാട്ടങ്ങളെ മുന്നോട്ടു കൊണ്ടുപോയി അങ്ങനെയാണ് കേരളത്തില്‍ ഇന്നു കാണുന്ന സാമൂഹ്യ അവസ്ഥ സൃഷ്ടിച്ചെടുത്തത് ആ മാറ്റങ്ങളില്‍ നിന്ന് പിന്നോട്ടു പൊയിക്കൂട അതിനാണ് ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ശക്തമായ നിയമത്തിലൂടെയുള്ള നടപടികളും അതിനൊപ്പമുള്ള ബോധവത്കരണവുമാണ് വേണ്ടത് . നിയമം സര്‍ക്കാര്‍ ആലോചിച്ച് കൊണ്ടുവരും .