Global Ayyappa Sangam: Logo released

ആഗോള അയ്യപ്പ സംഗമം: ലോഗോ പ്രകാശനം ചെയ്തു

സെപ്റ്റംബർ 20ന് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ ലോഗോ ദേവസ്വം മന്ത്രി വി. എൻ. വാസവൻ പ്രകാശനം ചെയ്തു. ശബരിമലയുടെ ഭാവി വികസനത്തിന് ഉതകുന്ന പദ്ധതികൾ സംഗമത്തിൽ ചർച്ച ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 3000 അയ്യപ്പഭക്തർ സംഗമത്തിൽ പങ്കെടുക്കും. നിലവിൽ നടപ്പാക്കുന്നതും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ വികസന പദ്ധതികൾ സംഗമത്തിനെത്തുന്ന ഭക്തരുടെ മുന്നിൽ അവതരിപ്പിച്ച്, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ശബരിമലയിൽ എത്തുമ്പോൾ ഇപ്പോഴുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കുവാനും ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനും അവസരം നൽകും. ശബരിമല മാസ്റ്റർ പ്ളാൻ സംബന്ധിച്ചും ചർച്ച നടക്കുമെന്ന് മന്ത്രി പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ബോർഡ് അയ്യപ്പ സംഗമം നടത്തുന്നത്. ഇതിനാവശ്യമായ എല്ലാ സഹായവും സർക്കാർ നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനെയും ക്ഷണിക്കുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ തുടങ്ങിവരെയും സംഗമത്തിലേക്ക് ക്ഷണിക്കും.

സംഗമത്തിനായി പമ്പയിൽ ജർമൻ പന്തൽ നിർമിക്കും. പത്തനംതിട്ട നഗരത്തിൽ പ്രധാന സ്വാഗതസംഘം ഓഫീസ് പ്രവർത്തിക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗതസംഘം ഓഫീസുകളുണ്ടാവും. കെ. എസ്. ആർ. ടി. സി പ്രത്യേക സൗകര്യം ഏർപ്പെടുത്തും. പത്തനംതിട്ടയിൽ വിവിധ സ്ഥലങ്ങളിലാവും താമസം ഒരുക്കുക. പ്രതിനിധികൾക്ക് ദർശനത്തിന് സൗകര്യമുണ്ടാവും. ഹിൽടോപ്പിലാവും വാഹന പാർക്കിംഗ്.