സഹകരണ സംഘ (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം: കേരള ബാങ്ക് ലഭ്യമാക്കുന്ന ആനൂകൂല്യങ്ങള്‍ മലപ്പുറം ജില്ലയിലെ സഹകാരികള്‍ക്ക് കൂടി ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി ) ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.ത്രിതല സംവിധാനത്തില്‍ വായ്പകള്‍ ലഭ്യമാക്കുമ്പോള്‍ വരുന്ന പലിശ ബാദ്ധ്യത കേരള ബാങ്കുവഴി ദ്വിതലസംവിധാനത്തിലാകുമ്പോള് ഒരു ശതമാനത്തിലധികം കുറയും. മാത്രമല്ല കേരള ബാങ്കിന്റെ പുതിയ പദ്ധതികള്‍ വഴിയുള്ള കാര്‍ഷിക വായ്പ ഒരു ശതമാനം പലിശയ്ക്ക് ലഭ്യമാകുകയും ചെയ്യും. കേരള ബാങ്കില്‍ ലയിക്കാതെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് സ്വന്തം നിലയ്ക്ക് നിന്നപ്പോള്‍ സഹകാരികള്‍ക്ക് നഷ്ടമായ ആനുകൂല്യങ്ങള്‍ ബില്‍ നിയമമാകുന്നതോടെ ലഭ്യമാകും.
ഹൈക്കോടതിയില്‍ സംസ്ഥാനത്തിന്റെ തീരുമാനം ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് നല്കിയ ഹര്‍ജികളില്‍ ഹൈക്കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചപ്പോള്‍ നിയമ നിര്‍മ്മാണത്തെ എതിര്‍ക്കാതിരുന്നതും ഭരണഘടന പ്രകാരം സഹകരണം സംസ്ഥാന വിഷയമായത് കൊണ്ടും ബില്‍ അവതരിപ്പിക്കുന്നതിന് നിയമപരമായ തടസങ്ങളില്ലെന്ന് സഹകരണം, രജിസ്ട്രേഷന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. ഇതോടെ അഡ്വ. യു.എ. ലത്തീഫ്, എന്‍. ഷംസുദ്ദീന് എന്നിവര്‍ അവതരിപ്പിച്ച തടസവാദങ്ങള്‍ സ്പീക്കര്‍ അംഗീകരിച്ചില്ല. പി.ഉബൈദുള്ള, കെ. ബാബു ( തൃപ്പൂണിത്തുറ ) എന്നിവരുടെ നിരാകരണ പ്രമേയവും നിയമസഭ തള്ളി. കേരള ബാങ്ക് ആയിരം കോടി രൂപയുടെ നഷ്ടത്തിലാണെന്ന കെ.ബാബുവിന്റെ വാദം ശരിയല്ലെന്ന് മന്ത്രി വി.എന്‍. വാസവന് നിയമസഭയെ അറിയിച്ചു. ആദ്യത്തെ പൂര്‍ണ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ കേരള ബാങ്ക് 61.99 കോടി രൂപയുടെ ലാഭത്തിലായിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു. നിഷ്ക്രിയ ആസ്തി 40 ശതമാനമാണെന്ന കെ.ബാബുവിന്റെ വാദവും മന്ത്രി തിരുത്തി. ആദ്യ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ നിഷ്ക്രിയ ആസ്തി 14.40 ശതമാനത്തിലെത്തിക്കാനായെന്നും മന്ത്രി വ്യക്തമാക്കി. കേരള ബാങ്കിനെ മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരത്തോടെയാണ് കേരള ബാങ്കിന്റെ 769 ശാഖകളും പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്നു തന്നെ റിസര്‍വ്വ് ബാങ്ക് കേരള ബാങ്കിനെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷ വാദം നിലനില്‍ക്കില്ലെന്നും മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.
ക്ഷീര വികസന മേഖലയിലെ കടലാസ് സഹകരണ സംഘങ്ങളെ ഒഴിവാക്കുന്നതിനും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലേയ്ക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള വ്യവസ്ഥകളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിഡാ ജേക്കബ് സമിതി നിര്‍ദ്ദേശിച്ച ഭേദഗതിയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ ഭേദഗതി അനുസരിച്ച് കുറഞ്ഞത് 180 ദിവസം 500 ലിറ്റര്‍ പാല്ലെങ്കിലും നല്കിയാല് മാത്രമെ അംഗത്വം ലഭിക്കുകയുള്ളൂ. ഭരണസമിതിയില്‍ ആദ്യമായി വൈസ് പ്രസിഡന്റ് പദവി ഉള്‍പ്പെടുത്താനും അത് വനിതകള്‍ക്കായി സംവരണം ചെയ്യാനും ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭരണ സമിതി അംഗങ്ങള്‍ക്ക് മൂന്ന് തവണയില്‍ കൂടുതല്‍ തുടരാനാകില്ല. മേഖലാ യൂണിയന് ചെയര്‍മാډാര്‍ക്ക് രണ്ട് തവണയിലും കൂടുതലും ചുമതലയില്‍ തുടരാന്‍ കഴിയില്ല. ഈ വ്യവസ്ഥ നടപ്പിലാകുന്നതോടെ സ്ഥിരമായി ചിലര്‍ മാത്രം ഭാരവാഹിത്വത്തില്‍ തുടരുന്നത് ഒഴിവാക്കാനും പുതിയ തലമുറയ്ക്ക് ഈ രംഗത്തേയ്ക്ക് കടന്നു വരാനും അവസരം ഒരുങ്ങുമെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. ബില്ലിനെ പിന്തുണച്ച് മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും സംസാരിച്ചു. വിപുലമായ ചര്‍ച്ചകള്‍ നടത്തി നിയമപരമായ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് കേരള ബാങ്ക് രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.