niyamasabha

സഭയില്‍ ചോദിച്ച ഉപചോദ്യങ്ങൾ

 

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങള്‍ കേരള ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് കൂടുതല്‍ പലിശ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. നിക്ഷേപത്തിന്‍റെ പലിശ നിശ്ചയിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന കമ്മിറ്റിയാണ്. അടുത്ത തവണ പലിശ നിശ്ചയിക്കാനുള്ള കമ്മിറ്റി ചേരുമ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ചോദ്യോത്തര വേളയില്‍ അംഗങ്ങളുടെ ഉപചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സഹകരണ സംഘങ്ങളില്‍ സര്‍പ്ലസ് വരുന്ന ഫണ്ട് മറ്റു സംരംഭങ്ങള്‍ക്കായി ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്. പാലക്കാടും കുട്ടനാട്ടിലും പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം റൈസ് മില്ലുകള്‍ ആരംഭിച്ചത് പോലെ മൂല്യവര്‍ദ്ധിത സംരഭങ്ങള്‍ക്ക് സര്‍പ്ലസ് ഫണ്ട് ഉപയോഗിക്കുന്ന കാര്യം പല സംഘങ്ങളും പരിശോധിക്കുകയാണ്. വൈകാതെ കൂടുതല്‍ വരുമാനം ലഭിക്കുന്ന പദ്ധതികളും ആരംഭിക്കും.

സംസ്ഥാനത്തെ കൊള്ളപ്പലിശ നിയന്ത്രിക്കാന്‍ സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ മുറ്റത്തെ മുല്ല പദ്ധതി വന്‍ വിജയമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലാണ് പദ്ധതി ആരംഭിച്ചത്. ജില്ലയില്‍ മാത്രം 400 കോടിയിലേറെ രൂപ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കി. 12,277 സംഘങ്ങള്‍ വഴി 1316.16 കോടി രൂപ ഇതുവരെ മുറ്റത്തെ മുല്ല പദ്ധതിയിലൂടെ വായ്പ നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായതും പ്രവര്‍ത്തനം നടത്താന്‍ കഴിയാതെ പോയതുമായ സഹകണ സംഘങ്ങള്‍ പുനരുദ്ധരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരള ബാങ്ക് വഴി നടപ്പിലാക്കുന്ന പദ്ധതിക്ക് അപേക്ഷ നല്‍കുന്ന മുറയ്ക്ക് സഹായം ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളബാങ്കിലെ വിവിധ തസ്തികയിലേയ്ക്കുള്ള ഒഴിവുകളില്‍ പിഎസ്സി വഴി നികത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ്. ചട്ടങ്ങളും വ്യവസ്ഥകളും തയ്യാറാക്കുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പിഎസ്സി വഴി നിയമന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നിയമസഭയില്‍ കെ.ആന്‍സലന്‍, എം.വിന്‍സന്‍റ്, ജി.എസ്. ജയലാല്‍, കെ.ബാബു- തൃപ്പൂണിത്തുറ, കെ.ബാബു- , അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, ോി. സിദ്ദിഖ്, പ്രതിഭാഹരി, പി.വി. ശ്രീനിജന്‍, പി.ഉബൈദുള്ള,സി.എച്ച്. കുഞ്ഞമ്പു, മുരളി പെരുനെല്ലി, എല്‍ദോസ് കുന്നപ്പള്ളി എന്നിവരുടെ ഉപചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.