A permanent solution to the liquid waste treatment problems of Kottayam Medical College

കോട്ടയം മെഡിക്കല്‍ കോളേജിലെ ദ്രവമാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുന്നു

കോട്ടയം മെഡിക്കല്‍ കോളേജിലെ ദ്രവമാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുന്നു. പുതിയ പ്ലാന്റിന് രൂപരേഖ തയ്യാറാക്കുവാന്‍ തീരുമാനമായി.ഇതിനായി കായംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സിക്ക് നിര്‍ദ്ദേശം നല്‍കി. 5 കോടി രൂപ ചിലവഴിച്ച് പുതിയ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം.

മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ദ്രവ മാലിന്യങ്ങള്‍ സമീപ പ്രദേശത്തെ പെണ്ണാര്‍ തോട്ടിലേയ്ക്കും ഒഴുകുന്നതായി പരിസരവാസികള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെത്തി പ്ലാന്റ് പരിസരം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതരുമായും, വാട്ടര്‍ അതോറിറ്റി, പൊതു മരാമത്ത് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്ലാന്റിന് രൂപരേഖ തയ്യാറാക്കുവാന്‍ തീരുമാനമായത്. പതിനഞ്ച് വര്‍ഷം മുന്‍പ് സ്ഥാപിച്ചതാണ് ആശുപത്രിയിലെ ഇപ്പോഴത്തെ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ്. പുതിയ ഡിപ്പാര്‍ട്ട്‌മെന്റുകളും, കെട്ടിട സമുച്ചയങ്ങളും വന്നതോടെ പ്ലാന്റിന്റെ ശേഷിയേക്കാള്‍ അധികം മലിനജലം എത്തുന്നതാണ് പ്രശ്‌നത്തിന് കാരണം. പുതിയ പ്ലാന്റ് യാഥാര്‍ത്ഥ്യമാവുന്നതോടെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവും.

5 കോടി രൂപ ചിലവ് വരുന്ന പദ്ധതിക്കായി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന ആര്‍പ്പൂക്കര ,അതിരമ്പുഴ പഞ്ചായത്തുകള്‍ ഒന്നര കോടി രൂപ വീതം നല്‍കുവാനും തത്വത്തില്‍ ധാരണ ആയിട്ടുണ്ട്. ബാക്കി പണം സര്‍ക്കാര്‍ കണ്ടെത്തി നല്‍കും. നിലവില്‍ തൃശ്ശൂര്‍ ആസ്ഥാനമായ ഒരു കമ്പനിക്കാണ് മെഡിക്കല്‍ കോളേജിലെ സ്വീവേജ് ട്രീറ്റ് മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തന – അറ്റകുറ്റപ്പണി ചുമതല ഇവരുടെ സേവനത്തിലെ ചില വീഴ്ചകളും പരിസരവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുവാനും പുതിയ പ്രോജക്ട് യാഥാര്‍ത്ഥ്യമാകുന്നത് വരെ നിലവിലെ ദ്രവമാലിന്യ സംസ്‌കരണ സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പ് വരുത്തുവാനും നിര്‍ദ്ദേശം നല്‍കി.