Agricultural credit groups to meet all needs

എല്ലാ ആവശ്യങ്ങളും നിറവേറ്റേുന്നതിന് കാര്‍ഷിക വായ്പാ സംഘങ്ങള്‍

സഹകരണ മേഖല ശാക്തീകരിക്കാന്‍ നിരവധി പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ഇടപാടുകാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള ബഹുമുഖ സേവന കേന്ദ്രങ്ങളായി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ കേരള ബാങ്ക് നടപ്പിലാക്കി വരുന്നുണ്ട്. കുടുംബശ്രീ, സ്വയം സഹായസംഘങ്ങള്‍, ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകള്‍ എന്നിവ വഴി സ്ത്രീ ശാക്തീകരണത്തിനും ഉല്‍പ്പാദന മേഖലയിലെ സ്വയം പര്യാപ്തതയ്ക്കുമുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളുടെ ആധുനിക വല്‍ക്കരണം, ഇന്റഗ്രേറ്റഡ് കോ ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതി പ്രകാരം സംഘങ്ങളുടെ രജിസ്‌ട്രേഷന്‍, ബൈലാ ഭേദഗതി, ഫണ്ട് മാനേജ്‌മെന്റ് മൊഡ്യൂള്‍, എന്നീ സേവനങ്ങള്‍ ഓണ്‍ ലൈന്‍ വഴി നടപ്പിലാക്കി വരുന്നുണ്ട്. യുവ സംഘങ്ങള്‍, പട്ടികജാതി പട്ടിക വര്‍ഗ സംഘങ്ങള്‍, നവകേരളീയം കുടിശിക നിവാരണ പദ്ധതി, വിവിധ തരം സാധാരണ വായ്പാ പദ്ധതികള്‍, സഹകരണ സംഘങ്ങള്‍ വഴി ആരംഭിച്ച് കോപ്പ് മാര്‍ട്ട് വെജ് ഫ്രഷ് പച്ചക്കറി സംഭരണ വിതരണ കേന്ദ്രങ്ങള്‍, ഉല്‍പ്പന്നങ്ങളുടെ ഏകീകൃത ബാന്‍ഡിംഗ്, പുനര്‍ നിര്‍മ്മാണത്തിനുള്ള കെയര്‍ ഹോം പദ്ധതി, പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം ( ആര്‍കെഎല്‍എസ് ), മുഖ്യമന്ത്രിയുടെ സഹായഹസ്തം തുടങ്ങിയ നിരവധി പദ്ധതികള്‍ സഹകരണ മേഖലയുടെ ശാക്തീകരണത്തിനായി നടപ്പിലാക്കി വരുന്നുണ്ട്.

കേരളബാങ്കില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് വിവിധ പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. പ്രഭാത, സായാഹ്ന, അവധി ദിവസ ശാഖകള്‍ക്ക് പുറമെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ച് ബിസിനസ് ഡെവര്‍സിഫിക്കേഷന്‍ ആന്‍ഡ് പ്രോഡക്ട് ഇന്നോവേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ആധുനികവും ആകര്‍ഷകവുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. കെ. ആന്‍സലന്‍, മുരളി പെരുനെല്ലി, എം.വിജിന്‍, ലിന്റോ ജോസഫ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി