സഹകരണ മേഖലയില്‍ 20,000 തൊഴിലിന് കര്‍മ്മ പദ്ധതി
തിരുവനന്തപുരം : രണ്ടാം നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയില്‍ പ്രഖ്യാപിച്ച 20,000 തൊഴിലുകള്‍ നല്‍കുന്നതിനുള്ള കര്‍മ്മപരിപാടി തയ്യാറാക്കിയിട്ടുണ്ടെന്ന് സഹകരണം, രജിസ്ട്രേഷന് മന്ത്രി വി.എന്‍. വാസവന്. ഫെബ്രുവരി പത്ത് മുതല്‍ മുതല്‍ മെയ് 20 വരെയുള്ള കാലയളവില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് കര്‍മ്മ പരിപാടി തയ്യാറാക്കിയത്. 500 സ്ഥിരം തൊഴിലുകളും 19500 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുന്നതിനാണ് ശ്രമിക്കുന്നത്. സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായിട്ടായിരിക്കും 500 സ്ഥിരം തൊഴില്‍ അവസരങ്ങള്‍. കേരള ബാങ്ക് മുഖേന 12,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. കെബി മിത്ര, കെബി പ്രവാസി ഭദ്രത, കെബി സുവിധ പ്ലസ്, കെബി യുവമിത്ര, കെബി സുവിധ, കെബി പ്രവാസി കിരണ്‍ എന്നിങ്ങനെ ആറ് വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ജില്ലകളില്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി നടപ്പിലാക്കുന്ന തൊഴില്‍ അവസര പദ്ധതിയിലൂടെ 4600 വായ്പകള്‍ നല്‍കും. ഇതുവഴി 7000 തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്.
കണ്‍സ്യൂമര്‍ ഫെഡ്, മാര്‍ക്കറ്റ് ഫെഡ്, വനിതാ ഫെഡ്, റബ്ബര്‍ മാര്‍ക്ക്, എസ് സി / എസ് ടി ഫെഡ് തുടങ്ങിയ സഹകരണ അപ്പെക്സ് സ്ഥാപനങ്ങള്‍ വഴി 50 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സഹകരണ മേഖലയിലെ വായ്പേതര സംഘങ്ങള്‍ വഴനി 450 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുമെന്ന മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. മുറ്റത്തെ മുല്ല വായ്പാ പദ്ധതി, അംഗ സമാശ്വാസ പദ്ധതി വഴിയുള്ള സഹായം, നിക്ഷേപ സമാഹരണ പദ്ധതി, റിസ്ക് ഫണ്ട്, ലിക്വിഡേഷന് ആകുന്ന സംഘങ്ങള്‍ക്കുള്ള നിക്ഷേപ ഗ്യാരന്റി സ്കീം, സുഭിക്ഷ കേരളം പദ്ധതി, ഹരിതം സഹകരണം, വിദ്യാതരംഗിണി വായ്പ, 500 ഏക്കറിലെ പച്ചക്കറി കൃഷി, സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണം, കെഎസ്ആര്‍ടിസി പെന്ഷന് വിതരണം, അട്ടപ്പാടിയിലെ ഗോത്ര വര്‍ഗ വിഭാഗത്തിന്റെ ആരോഗ്യ സംരക്ഷണ പദ്ധതി തുടങ്ങിയവ സഹകരണ മേഖലയുടെ ശാക്തീകരണത്തിനായി നടത്തുന്ന പദ്ധതികളാണ്. കെ.ടി. ജലീല്‍, എം.എം. മണി, എ. പ്രഭാകരന്, സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മന്ത്രി.