ആലപ്പുഴ ജില്ലയിലെ ദേശീയപാതയില്‍ രൂപപ്പെട്ട കുഴികള്‍ ജനങ്ങള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വരികയും നിരന്തരം ദേശീയപാതാ അതോറിറ്റിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും ദേശീയപാതാ അതോറിറ്റി അധികൃതരുടെ യോഗം വിളിച്ചുചേര്‍ത്തു. ആലപ്പുഴയിലെ ദേശീയപാതയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ ഉടൻ നടത്തുമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍ യോഗത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
റോഡ് തകർന്ന മുഴുവൻ സ്ഥലങ്ങളിലും പ്രവൃത്തി നടത്താനാണ് യോഗത്തില്‍ തീരുമാനിച്ചത്. എസ്റ്റിമേറ്റ് ലഭിച്ചാലുടൻ അംഗീകാരം നൽകാൻ നടപടി സ്വീകരിക്കാമെന്ന് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പു നൽകി.
കുതിരാൻ രണ്ടാം ടണൽ പ്രവൃത്തിയും സംസ്ഥാനത്തെ മറ്റ് പ്രധാന പ്രവൃത്തികളും യോഗം വിലയിരുത്തി. മാസംതോറും ഇതുപോലെ യോഗം ചേരണമെന്ന പൊതുമരാമത്ത് വകുപ്പിൻ്റെ നിർദ്ദേശം ദേശീയപാതാ അതോറിറ്റി അംഗീകരിച്ചു. ഇത് ഏറെ ഗുണകരമായിരിക്കും.
സംസ്ഥാനത്തെ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പിൻ്റെ എല്ലാ പിന്തുണയും ഉണ്ടാകും. എന്നാല്‍ പദ്ധതികളുടെ കാലതാമസത്തിന്റെ പേരില്‍ റോഡ് അറ്റകുറ്റപ്പണി നടത്താതെ ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കുന്നത് തുടര്‍ന്ന് പോകാനാകില്ല എന്നും ദേശീയപാതാ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് ഐഎഎസ്, നോഡൽ ഓഫീസർ എസ് സുഹാസ് ഐഎഎസ്, ആലപ്പുഴ ഡി.ഡി.സി കെ എസ് അഞ്ജു ഐഎഎസ്, തൃശൂർ അസിസ്റ്റന്റ് കളക്ടർ സുഫിയാൻ അഹമ്മദ് ഐഎഎസ്, എൻ എച്ച് എ ഐ റീജിയണൽ ഓഫീസർ ബി എൽ മീണ, എൻ എച്ച് എ ഐ പ്രൊജക്ട് ഡയറക്ടർ പി പ്രദീപ്, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനിയർ അശോക് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.