New Kerala begins arrears relief

നവകേരളീയം കുടിശിക നിവാരണത്തിന് തുടക്കം
  ജനുവരി രണ്ടുമുതൽ ഫെബ്രുവരി 28വരെ

സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽപദ്ധതി പ്രഖ്യാപിച്ചു. ജനവരി രണ്ടു മുതൽ ഫെബ്രുവരി 28വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2025 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.

സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർപ്പിക്കാനും, വരുമാനദാതാവ് മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകളിലടക്കം പ്രത്യേകഇളവുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ നിരവധിയായ കുടിശ്ശികകാർക്ക് ആശ്വാസവും, ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും മുൻകാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. മുൻപ് പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഗുണം ലഭിക്കാത്തവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇത് ഏർപ്പെടുത്തുന്നതെന്നും പരാമവധി സഹകാരികൾ ഈ അവസരം ഉപയോഗിക്കണമെന്നും മന്ത്രി സൂചിപ്പിച്ചു.

പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളർന്ന് കിടപ്പായവർ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ, ഈ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെട്ടശേഷം മാതാപിതാക്കൾ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുന്ന കുട്ടികൾ തുടങ്ങിയവരുടെ വായ്പകൾ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീർപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീർക്കുന്നതിന് ഇന്ന് മുതൽ സാധിക്കും.
ഈ പദ്ധതി പ്രകാരം പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. അതിദരിദ്ര സർവ്വേ പ്രകാരമുള്ള പട്ടികയിൽ ഉൾപ്പെട്ടവരുടെ 2 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് ഇളവ് നൽകുന്നതിനുള്ള പ്രത്യേകം വ്യവസ്ഥകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശ്ശികയുള്ള വായ്പകളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എം.എം.ഡി.എസ്. ജി.സി.സി.എസ് എന്നിവയ്ക്കും ആനുകൂല്യം ലഭ്യമാണ്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കും ഇളവ് ലഭിക്കുന്നതിന് അവസരമുണ്ട്. ഓഡിറ്റിൽ 100% കരുതൽ വയ്ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ പദ്ധതിപ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേക മുൻഗണന നൽകുമെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു