Vizhinjam Port handles one million containers: Historic achievement in maritime trade

ഒരു മില്യൺ കണ്ടെയ്‌നർ കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖം: മാരിടൈം വ്യാപാരത്തിൽ ചരിത്ര നേട്ടം

കേരളത്തിന്റെ വികസന കുതിപ്പിന് ഊർജ്ജം പകർന്ന്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാരിടൈം വ്യാപാരത്തിൽ പുതിയ ചരിത്രം രചിച്ചു. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിൽ 10 ലക്ഷം TEU (Twenty-foot Equivalent Unit) കണ്ടെയ്നറുകൾ കൈകാര്യം ചെയ്തിരിക്കുകയാണ് തുറമുഖം. തുറമുഖത്തിന്റെ തന്ത്രപരമായ മേന്മയും APSEZ-ന്റെ ലോകോത്തര പ്രവർത്തന മികവും ഈ ശ്രദ്ധേയമായ നേട്ടത്തിന് സഹായിച്ചു.

2024 ഡിസംബർ 3-ന് വാണിജ്യ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം 26 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകൾ ഉൾപ്പെടെ 460-ലധികം കപ്പലുകൾക്ക് തുറമുഖം സേവനം നൽകി. ആദ്യ വർഷം കൈകാര്യം ചെയ്യാനുദ്ദേശിച്ച ശേഷിയുടെ 30 ശതമാനത്തിൽ നിന്ന് 100 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചെത്തിയ ഈ നേട്ടം സമുദ്രാധിഷ്ഠിത ആഗോള ചരക്ക് ഗതാഗത രംഗത്ത് കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നു. കൊളംബോ, സിംഗപ്പൂർ പോലുള്ള പരമ്പരാഗത ട്രാൻസ്ഷിപ്പ്‌മെന്റ് ഹബുകൾക്ക് വിഴിഞ്ഞം ഒരു ശക്തമായ വെല്ലുവിളിയായി മാറിക്കഴിഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ വിജയം അതിന്റെ തന്ത്രപരമായ സ്ഥാനവും നൂതന സാങ്കേതികവിദ്യകളുമാണ്. 18.5 മീറ്ററിൽ അധികമുള്ള സ്വാഭാവിക ആഴം ഡ്രെഡ്ജിംഗ് ഇല്ലാതെ തന്നെ വലിയ കപ്പലുകൾക്ക് അടുക്കാൻ സൗകര്യമൊരുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, പൂർണ്ണ ഓട്ടോമേഷൻ എന്നിവ തത്സമയ ചരക്ക് ട്രാക്കിംഗും ഉയർന്ന കൃത്യതയും ഉറപ്പാക്കുന്നു. 8 വിദൂര നിയന്ത്രിത STS ക്രെയ്നുകളും 24 ഓട്ടോമേറ്റഡ് CRMG ക്രെയ്നുകളും ചരക്ക് കൈകാര്യം ചെയ്യുന്നതിന്റെ വേഗത വർദ്ധിപ്പിക്കുന്നു.

ഈ നേട്ടത്തിലൂടെ, ആദ്യ വർഷത്തിൽത്തന്നെ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനലായി വിഴിഞ്ഞം മാറി. വിഴിഞ്ഞം വികസിക്കുന്നതിലൂടെ തെക്കേ ഇന്ത്യയുടെ വ്യാപാര അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക മാത്രമല്ല, ആഗോള ആഴക്കടൽ തുറമുഖങ്ങൾക്ക് ഒരു മാതൃകയാവുകയും ചെയ്യുന്നു. തുറമുഖത്തിൻ്റെ രണ്ടു മുതൽ നാലുവരെയുള്ള ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കുന്നതോടെ വിഴിഞ്ഞത്ത് സമ്പൂർണ തുറമുഖം യാഥാർഥ്യമാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി പുതിയ തൊഴിൽസാദ്ധ്യതകളും, വാണിജ്യവികസനമാർഗങ്ങളും ഒരുക്കുന്നതിലൂടെ കേരളം ഒരു ആഗോള ബിസിനസ്സ് ഹബ്ബായി മാറും.